സ്വതന്ത്ര സോഫ്റ്റുവെയറിന്റെ വില്‍പ്പന
പലരും വിശ്വസിയ്ക്കുന്നതു് സോഫ്റ്റ്‌വെയറുകളുടെ പകര്‍പ്പുകള്‍ വിതരണം ചെയ്യുന്നതിനു് പണം ഈടാക്കരുതെന്നോ അല്ലെങ്കില്‍ ചെലവു് തിരിച്ചു് പിടിയ്ക്കാന്‍ മാത്രം വല്ലതുമൊക്കെ ഈടാക്കണം എന്നതോ ആണു് ഗ്നു സംരംഭത്തിന്റെ നിലപാടു് എന്നതാണു്.
യഥാര്‍ത്ഥത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിതരണം ചെയ്യുന്നവര്‍ എത്ര മാത്രം ആഗ്രഹിയ്ക്കുന്നുവോ അല്ലെങ്കില്‍ അവര്‍ക്കെത്രമാത്രം കഴിയുന്നുവോ അത്രയും ഈടാക്കാനാണു് ഞങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കുന്നതു്. ഇതില്‍ നിങ്ങള്‍ക്കത്ഭുതം തോന്നുന്നുണ്ടെങ്കില്‍ തുടര്‍ന്നു് വായിയ്ക്കുക.
“ഫ്രീ” എന്ന വാക്കിനു് പൊതുവായി ഉപയോഗിയ്ക്കുന്ന രണ്ടര്‍ത്ഥങ്ങളുണ്ടു്; ഇതു് സ്വതന്ത്ര്യത്തേയോ വിലയേയോ ഉദ്ദേശിയ്ക്കാം. ഞങ്ങള്‍ “ഫ്രീ സോഫ്റ്റുവെയറിനെപ്പറ്റി” സംസാരിയ്ക്കുമ്പോള്‍ ഞങ്ങള്‍ സ്വാതന്ത്ര്യത്തെപ്പറ്റിയാണു് സംസാരിയ്ക്കുന്നതു്, വിലയെപ്പറ്റിയല്ല. (“ഫ്രീ സ്പിച്ചെന്നു്” ചിന്തിയ്ക്കൂ, “ഫ്രീ ബിയറെന്നല്ല”.) കൃത്യമായി പറഞ്ഞാല്‍ ഇതിനര്‍ത്ഥം ഒരു ഉപയോക്താവു് ഒരു പ്രോഗ്രാം ഉപയോഗിയ്ക്കാനും മാറ്റം വരുത്താനും മാറ്റം വരുത്തിയോ അല്ലാതെയോ വീണ്ടും വിതരണം ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളയാളാണെന്നാണു്.
സ്വതന്ത്ര പ്രോഗ്രാമുകള്‍ പലപ്പോഴും സൌജന്യമായാണു് വിതരണം ചെയ്യപ്പെടുന്നതു്, ചിലപ്പോള്‍ വലിയ തുക ഈടാക്കിയും. പലപ്പോഴും ഒരേ പ്രോഗ്രാം തന്നെ രണ്ടിടത്തു് നിന്നും ഈ രണ്ടു് വിധത്തിലും ലഭ്യമാകാറുണ്ടു്. വിലയെന്തായാലും പ്രോഗ്രാം സ്വതന്ത്രമാണു് കാരണം ഉപയോക്താക്കള്‍ക്കു് അതുപയോഗിയ്ക്കാനുള്ള സ്വാതന്ത്ര്യമുണ്ടു്.
സ്വതന്ത്രമല്ലാത്ത പ്രോഗ്രാമുകള്‍ സാധാരണയായി ഉയര്‍ന്ന വിലയ്ക്കാണു് വില്‍ക്കാറുള്ളതു്, പക്ഷേ ചിലപ്പോള്‍ ഒരു കടയില്‍ നിന്നും നിങ്ങള്‍ക്കതു് സൌജന്യമായി ലഭിച്ചെന്നു വരാം. എന്നാലും അതു് സ്വതന്ത്ര സോഫ്റ്റുവെയറാകുന്നില്ല. വിലകൊടുത്താലും സൌജന്യമായാലും ഉപയോക്താക്കള്‍ക്കു് സ്വാതന്ത്ര്യമില്ലാത്തതുകൊണ്ടു് പ്രോഗ്രാം സ്വതന്ത്രമല്ല.
സ്വതന്ത്ര സോഫ്റ്റുവെയര്‍ വിലയെ അടിസ്ഥാനമാക്കിയുള്ളതല്ലാത്തതിനാല്‍ കുറഞ്ഞ വില കൂടുതല്‍ സ്വതന്ത്രമോ സ്വാതന്ത്രയത്തോടടുത്തതോ അല്ല. അതു് കൊണ്ടു് തന്നെ നിങ്ങള്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ വിതരണം ചെയ്യുകയാണെങ്കില്‍ നിങ്ങളും ഉയര്‍ന്ന തുക ഈടാക്കി ഇത്തിരി പണമുണ്ടാക്കിക്കോളൂ. സ്വതന്ത്ര സോഫ്റ്റുവെയര്‍ വിതരണം ചെയ്യുന്നതു് നല്ലതും നിയമപരവുമായൊരു പ്രവൃത്തിയാണു്; നിങ്ങളതു് ചെയ്യുകയാണെങ്കില്‍ ലാഭം കൂടിയുണ്ടാക്കിക്കോളൂ.
സ്വതന്ത്ര സോഫ്റ്റുവെയര്‍ സംഘം ചേര്‍ന്നുള്ളൊരു സംരംഭമാണു്, ഇതിനെ അശ്രയിയ്ക്കുന്നോരോരുത്തരും സംഘം കെട്ടിപ്പെടുക്കുന്നതിനായി സംഭാവന ചെയ്യാനുള്ള വഴികള്‍ നോക്കേണ്ടതാവശ്യമാണു്. ഒരു വിതരണക്കാരനിതു് ചെയ്യാനുള്ള മാര്‍ഗ്ഗം സ്വതന്ത്ര സോഫ്റ്റുവെയര്‍ ഫൌണ്ടേഷനോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്വതന്ത്ര സോഫ്റ്റുവെയര്‍ വകസന സംരംഭത്തിലോ അവരുടെ ലാഭത്തിന്റെ ഒരു ഭാഗം നല്‍കുക എന്നുള്ളതാണു്. വികസനത്തിനു് പണം നല്‍കുന്നതിലൂടെ നിങ്ങള്‍ക്കു് സ്വതന്ത്ര സോഫ്റ്റുവെയര്‍ ലോകത്തെ പുരോഗതിയിലാക്കാം.
സ്വതന്ത്ര സോഫ്റ്റുവെയറുകളുടെ വിതരണം വികസനത്തിനു് പണം കണ്ടെത്താനുള്ളൊരവസരമാണു്. അതു് പാഴാക്കിക്കളയരുതു് !
പണം സംഭാവന ചെയ്യണമെങ്കില്‍ നിങ്ങളുടെ കയ്യിലിത്തിരി അധികമുണ്ടായിരിയ്ക്കണം. നിങ്ങള്‍ വളരെ കുറച്ചു് തുക മാത്രം ഈടാക്കുകയാണെങ്കില്‍ വികസനത്തെ പിന്തുണയ്ക്കാന്‍ നിങ്ങളുടെ കയ്യില്‍ ബാക്കിയൊന്നും കാണില്ല.
ഉയര്‍ന്ന വിതരണക്കൂലി ചില ഉപയോക്താക്കള്‍ക്കു് പ്രയാസമുണ്ടാക്കുമോ?
ഉയര്‍ന്ന വിതരണക്കൂലി ഈടാക്കുന്നതു് വളരെയധികം പണമൊന്നുമില്ലാത്ത ഉപയോക്താക്കള്‍ക്കു് സ്വതന്ത്ര സോഫ്റ്റുവെയര്‍ ലഭ്യമല്ലാതാക്കുമോ എന്നു് ആളുകള്‍ പലപ്പോളും ആശങ്കപ്പെടാറുണ്ടു്. കുത്തക സോഫ്റ്റുവെയറിന്റെ ഉയര്‍ന്ന വില അതാണു് ചെയ്യുന്നതു് — പക്ഷേ സ്വതന്ത്ര സോഫ്റ്റുവെയര്‍ വ്യത്യസ്തമാണു്.
സാധാരണയായി എല്ലായിടത്തുമെത്താറുണ്ടു് എന്നതും അതു് കിട്ടാന്‍ പല വഴികളുമുണ്ടു് എന്നതുമാണു് സ്വതന്ത്ര സോഫ്റ്റുവെയര്‍ വ്യത്യസ്തമാകാന്‍ കാരണം.
സാധാരണ വില നല്‍കാതെ കുത്തക പ്രോഗ്രാം ഉപയോഗിയ്ക്കുന്നതു് തടയാന്‍ സോഫ്റ്റുവെയര്‍ പൂഴ്‌ത്തിവയ്പുകാര്‍ അവരുടെ എല്ലാ അടവും പയറ്റും. ഈ വില ഉയര്‍ന്നതാണെങ്കില്‍ അതു് ചില ഉപയോക്താക്കള്‍ക്കു് ഈ പ്രോഗ്രാം ഉപയോഗിയ്ക്കുന്നതു് പ്രയാസമുണ്ടാക്കും.
സ്വതന്ത്ര സോഫ്റ്റുവെയറാണെങ്കില്‍ സോഫ്റ്റുവെയറുപയോഗിയ്ക്കാന്‍ വിതരണക്കൂലി കൊടുത്തേ തീരു എന്നില്ല. അവര്‍ക്കു് ഒരു പകര്‍പ്പു് കൈവശമുള്ള സുഹൃത്തിന്റെ കയ്യില്‍ നിന്നോ ശൃംഖലയെ സമീപിയ്ക്കാവുന്ന സുഹൃത്തിന്റെ സഹായത്തോടു് കൂടിയോ പ്രോഗ്രാമിന്റെ ഒരു പകര്‍പ്പു് ലഭിയ്ക്കാവുന്നതാണു്. അല്ലെങ്കില്‍ ഒന്നിലധികം ഉപയോക്താക്കള്‍ ഒന്നിച്ചു് ചേര്‍ന്നു് സിഡി-റോമിന്റെ വില പങ്കിട്ടെടുത്തു് ഓരോരുത്തരായി സോഫ്റ്റുവെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. സോഫ്റ്റുവെയര്‍ സ്വതന്ത്രമാണെങ്കില്‍ സിഡി-റോമിനു് ഉയര്‍ന്ന വില കൊടുക്കോണ്ടതൊരു പ്രശ്നമല്ല.
ഉയര്‍ന്ന വിതരണക്കൂലി സ്വതന്ത്ര സോഫ്റ്റുവെയറിന്റെ ഉപയോഗത്തെ തടയുമോ?
സ്വതന്ത്ര സോഫ്റ്റുവെയറിന്റെ ജനപ്രിയതയെപ്പറ്റിയാണു് സാധാരണയായി കാണുന്ന മറ്റൊരാശങ്ക. ഉയര്‍ന്ന വില ഉപയോക്താക്കളുടെ എണ്ണം കുറയ്ക്കുമെന്നോ അല്ലെങ്കില്‍ കുറഞ്ഞ വില കൂടുതല്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിയ്ക്കുമെന്നോ ആളുകള്‍ കരുതുന്നു.
കുത്തക സോഫ്റ്റുവെയറിനു് ഇതു് ശരിയാണു് — പക്ഷേ സ്വതന്ത്ര സോഫ്റ്റുവെയര്‍ വ്യത്യസ്തമാണു്. പകര്‍പ്പുകള്‍ കിട്ടാന്‍ പല വഴികളുണ്ടായിരിയ്ക്കേ വിതരണ സേവനത്തിനുള്ള വില ജനപ്രിയതയില്‍ കുറഞ്ഞ ഫലമേ ഉണ്ടാക്കൂ.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ സ്വതന്ത്ര സോഫ്റ്റുവെയറിനു് എത്രത്തോളം ചെയ്യാന്‍ കഴിയും, അതുപയോഗിയ്ക്കാന്‍ എത്ര എളുപ്പമാണു് എന്നിവയാണു് എത്രയാളുകള്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ ഉപയോഗിയ്ക്കുന്നു എന്നുള്ളതു് നിര്‍ണ്ണയിയ്ക്കാന്‍ പോകുന്നതു്. പല ആളുകളും അവര്‍ ചെയ്യുന്ന എല്ലാ ജോലികളും സ്വതന്ത്ര സോഫ്റ്റുവെയറുപയോഗിച്ചു് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ തുടര്‍ന്നും കുത്തക സോഫ്റ്റുവെയറുകള്‍ തന്നെ ഉപയോഗിച്ചു് കൊണ്ടിരിയ്ക്കും. അതുകൊണ്ടു് തന്നെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതലാളുകള്‍ സ്വതന്ത്ര സോഫ്റ്റുവെയറുപയോഗിയ്ക്കണമെന്നു് നിങ്ങളാഗ്രഹിയ്ക്കുന്നെങ്കില്‍ എല്ലാറ്റിനുമുപരിയായി നമ്മള്‍ കൂടുതല്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ വികസിപ്പിയ്ക്കേണ്ടതുണ്ടു്.
നേരിട്ടിതു് ചെയ്യാനുള്ള ഏറ്റവും നല്ല വഴി ആവശ്യമായ സ്വതന്ത്ര സോഫ്റ്റുവെയറുകളും മാനുവലുകളും നിങ്ങള്‍ സ്വയം എഴുതുക എന്നതാണു്. പക്ഷേ നിങ്ങള്‍ വിതരണമാണു് ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്കു് സഹായിയ്ക്കാനുള്ള ഏറ്റവും നല്ല വഴി മറ്റുള്ളവരെഴുതുന്നതിനായി പണം സ്വരൂപിയ്ക്കുക എന്നതാണു്.
“സോഫ്റ്റുവെയറിന്റെ വില്‍പ്പന” എന്ന വാചകം ആശയക്കുഴപ്പമുണ്ടാക്കുന്നതാവാം
യഥാര്‍ത്ഥത്തില്‍ “വില്‍പ്പന” എന്നാല്‍ പണത്തിനു് പകരം സാധനങ്ങള്‍ കൈമാറുക എന്നാണര്‍ത്ഥം. സ്വതന്ത്ര പ്രോഗ്രാമിന്റെ ഒരു പകര്‍പ്പു് വില്‍ക്കുന്നതു് നിയമപരവും ഞങ്ങള്‍ പ്രാത്സാഹിപ്പിയ്ക്കുന്നതുമാണു്.
എന്നിരുന്നാലും, “സോഫ്റ്റുവെയറിന്റെ വില്‍പ്പനയെ” പറ്റി കരുതുമ്പോള്‍ കൂടുതല്‍ സ്ഥാപനങ്ങളും സോഫ്റ്റുവെയര്‍ സ്വതന്ത്രമാക്കാതെ കുത്തകയാക്കി വയ്ക്കുന്നതു് പോലെയാണെന്നാണു് ആളുകള്‍ ധരിയ്ക്കുന്നതു്.
അതുകൊണ്ടു് തന്നെ ഈ ലേഖനം ചെയ്യുന്നതു് പോലെ ശ്രദ്ധാപൂര്‍വ്വം വ്യത്യാസങ്ങള്‍ വരച്ചു് കാട്ടുന്നില്ലെങ്കില്‍ “സോഫ്റ്റുവെയറിന്റെ വില്‍പ്പന” എന്ന വാചകം ഒഴിവാക്കി മറ്റൊരു വാചകം തെരഞ്ഞെടുക്കുന്നതാണു് കൂടുതല്‍ നല്ലതെന്നാണു് ഞങ്ങള്‍ നിര്‍ദ്ദേശിയ്ക്കുന്നതു്. ഉദാഹരണത്തിനു് ആശയക്കുഴപ്പമുണ്ടാക്കാത്ത തരത്തില്‍ “ഒരു കൂലി ഈടാക്കിക്കൊണ്ടു് സോഫ്റ്റുവെയര്‍ വിതരണം ചെയ്യുന്നു” എന്നു് നിങ്ങള്‍ക്കു് പറയാം.
ഗ്നു ജിപിഎല്ലും കൂലിയുടെ ഉയര്‍ച്ചയും താഴ്ചയും
ഒരു പ്രത്യേക സാഹജര്യത്തിലൊഴികെ സ്വതന്ത്ര സോഫ്റ്റുവെയറിന്റെ ഒരു പകര്‍പ്പിനു് എത്ര തുക ഈടാക്കാം എന്നതിനു് ഗ്നു ജനറല്‍ പബ്ലിക് ലൈസന്‍സിനു്(ഗ്നു ജിപിഎല്ലിനു്) നിയന്ത്രണങ്ങളൊന്നുമില്ല. നിങ്ങള്‍ക്കു് വേണമെങ്കില്‍ വെറുതെ കൊടുക്കുകയോ ഒരു പൈസയോ ഒരു രൂപയോ അല്ലെങ്കില്‍ നൂറു് കോടി രൂപയോ വാങ്ങാം. വില തീരുമാനിയ്ക്കുന്നതു് നിങ്ങളും വിപണിയുമായതുകൊണ്ടു് തന്നെ ഒരു പകര്‍പ്പിനു് നൂറു കോടി തരാന്‍ ആരും ആഗ്രഹിയ്ക്കുന്നില്ലെങ്കില്‍ ഞങ്ങളോടു് പരാതി പറയരുതു്.
ഇതിനൊരപവാദമുള്ളതു് ബൈനറികള്‍ അവയുടെ മുഴുവന്‍ സോഴ്സു് കോഡുമില്ലാതെ വിതരണം ചെയ്യുമ്പോള്‍ മാത്രമാണു്. ഇങ്ങനെ ചെയ്യുന്നവര്‍ പിന്നീടു് ചോദിച്ചാല്‍ സോഴ്സ് കോഡ് കൊടുക്കണമെന്നതാണു് ഗ്നു ജിപിഎല്‍ നിര്‍ബന്ധമാക്കിയിരിയ്ക്കുന്നതു്. സോഴ്സ് കോഡിനെത്ര തുക ഈടാക്കാമെന്നു് നിയന്ത്രണം വച്ചില്ലെങ്കില്‍ അവര്‍ക്കു് നൂറു് കോടി പോലെ ആര്‍ക്കും കൊടുക്കാന്‍ പറ്റാത്തത്ര ഉയര്‍ന്ന കൂലി ചോദിയ്ക്കുന്നതിനും സോഴ്സ് ഒളിപ്പിച്ചു് വച്ചു് കൊണ്ടു് തന്നെ സോഴ്സ് കോഡ് പുറത്തിറക്കുന്നതു് പോലെ അഭിനയിയ്ക്കാനും സാഹചര്യമൊരുക്കും. അതുകൊണ്ടു് തന്നെ ഈ സാഹചര്യത്തിലാണു് ഉപയോക്താക്കളുടെ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സോഴ്സിനീടാക്കാവുന്ന തുകയ്ക്കു് ഞങ്ങള്‍ നിയന്ത്രണം വച്ചതു്. എന്നിരുന്നാലും സാധാരണ സന്ദര്‍ഭങ്ങളില്‍ വിതരണക്കൂലി നിയന്ത്രിയ്ക്കാന്‍ യാതൊരു ന്യായീകരമവുമില്ല എന്നതു് കൊണ്ടു് തന്നെ ഞങ്ങളവ നിയന്ത്രിയ്ക്കുന്നില്ല.
ചിലപ്പോഴൊക്കെ ഗ്നു ജിപിഎല്‍ അനുവദിയ്ക്കുന്ന പ്രവൃത്തികളുടെ അതിര്‍ വരമ്പുകള്‍ മുറിച്ചു് കടക്കുന്ന കമ്പനികള്‍ “ഗ്നു സോഫ്റ്റുവെയറിനു് ഞങ്ങള്‍ തുക ഈടാക്കുകയില്ല” എന്നൊക്കെ പറഞ്ഞു് അനുമതിയ്ക്കായി യാചിയ്ക്കാറുണ്ടു്. ഇങ്ങനെ അവര്‍ക്കൊന്നും നേടാനാവില്ല. സ്വതന്ത്ര സോഫ്റ്റുവെയര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചും ജിപിഎല്‍ നടപ്പാക്കുന്നതു് സ്വാതന്ത്ര്യം കാത്തുസൂക്ഷിയ്ക്കുകയുമാണു്. ഉപയോക്താക്കളുടെ സ്വാതന്ത്ര്യം കാത്തു് സൂക്ഷിയ്ക്കുമ്പോള്‍ വിതരണത്തിനു് എത്ര തുക ഈടാക്കി എന്നുള്ള പ്രാധാന്യമില്ലാത്ത വിഷയങ്ങളൊന്നും ഞങ്ങളെ ബാധിയ്ക്കാറില്ല. ഇവിടെ വിഷയം സ്വാതന്ത്ര്യമാണു് മുഴുവന്‍ വിഷയവും അതാണു് എന്നു് മാത്രമല്ല അതു് മാത്രമേ ഒരു വിഷയമുള്ളൂ.
